വെളിച്ചം

വെളിച്ചം അങ്ങനെയാണ്,
വളഞ്ഞുപുളഞ്ഞ് പോയാലും മറ്റുള്ളവരുടെ കണ്ണിൽ അവൻ
നേർനടപ്പുകാരനാണ്.
പകലിന് ഊർജ്ജം നൽകി രാവിന്റെ നിസ്സഹായത അവൻ ഉറങ്ങി തീർക്കും.
ലോകം മുഴുവൻ കാണുന്നെങ്കിലും അവൻ ഇന്നും അലയുകയാണ്,
ഒളിച്ചിരിക്കാൻ പാകമായ ഒരു തമോഗർത്തവും തേടി .
– രാഹുൽ രത്ന ആർ എസ്സ്

പറയാത്ത വാക്കിന്റെ കടം

തിരികെ നൽകാൻ കഴിയാഞ്ഞ ഒരു വാക്കിന്റെ കടം
ഇന്ന് വേദനയുടെ പലിശ നൽകുന്നു.
എന്നാൽ വാക്കുപെട്ടി തുറക്കുന്നതിനും
എത്രയോ മുൻപേ,
ഒരു ജപ്തി നോട്ടീസ് പോലും നൽകാതെ
അവൾ മറഞ്ഞിരുന്നു.
ഒടുവിൽ കടം എഴുതിതള്ളപ്പെട്ടപ്പോൾ
വാക്കിനെ ആത്മാവ് ഗോപനം ചെയ്തു.
                        – രാഹുൽ രത്ന ആർ എസ്

ഭിക്ഷാപാത്രം

അവന്റ്റെ ഭിക്ഷാപാത്രം നിറഞ്ഞുകൊണ്ടേയിരുന്നു .
അവൻ യാചിക്കാതെ തന്നെ അത് നോട്ടുകളാൽ നിറഞ്ഞു .
എന്നാൽ,ദൈവത്തിൻറെ കുഞ്ഞുകരങ്ങൾക്ക്
ഇന്നും അന്നം അന്യമാണ് .
അതെ ,ബീച്ചിലേക്കുള്ള ടാറിട്ട റോഡിൻറെ ഓരത്ത് ദൈവം വിശന്ന വയറുമായി കുടിയിരുന്നു                                                         – രാഹുൽ രത്ന.ആർ.എസ്സ്